തിരുവനന്തപുരം: എണ്ണവിതരണ കമ്പനികൾ വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഒരു കിലോലിറ്ററിന് 2354 രൂപയാണ് വർധിപ്പിച്ചത്. 3.6 ശതമാനം വർധന. ആയിരം ലിറ്ററാണ് ഒരു കിലോ ലിറ്റർ. ഇതോടെ ഡെൽഹിയിൽ ഒരു കിലോലിറ്റർ വിമാനഇന്ധനത്തിന്റെ വില 68,262 രൂപയായി ഉയർന്നു.
ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിമാന ഇന്ധനവിലയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വിമാന ഇന്ധനവില വർധിക്കുന്നത്. വിമാന ഇന്ധനവില വർധിച്ച പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ജൂൺ 16നാണ് ഇതിന് തൊട്ടുമുൻപ് വില വർധിപ്പിച്ചത്. അന്ന് 2.68 ശതമാനമാണ് വർധിപ്പിച്ചത്. മെയ് ഒന്നിന് 6.7 ശതമാനം വർധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു തവണകളായി വില വർധിപ്പിച്ചത്. സംസ്ഥാനാടിസ്ഥാനത്തിൽ വിലയിൽ വ്യത്യാസമുണ്ടാകും. എക്സൈസ് നികുതിയിൽ മൂല്യവർധിത നിരക്കായി 11 ശതമാനമാണ് വിമാന ഇന്ധനവിലയിൽ ചുമത്തുന്നത്.