ന്യൂഡെല്‍ഹി: രാജ്യത്ത് പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളല്ലെന്ന് രാഹുല്‍ ഗാന്ധി. കാരണം അറിയാന്‍ നിങ്ങളുടെ നാട്ടിലെ ഇന്ധന വില വീക്ഷിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ധന വിലയിലെ അനിയന്ത്രിതമായ വര്‍ദ്ധനവിനെ ട്രോളി ട്വിറ്ററിലാണ് രാഹുലിന്റെ പ്രസ്താവന. പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കൊറോണ നിയന്ത്രണങ്ങളാലുള്ള പ്രതിസന്ധിയല്ല.
യഥാര്‍ഥ കാരണം അറിയാന്‍, നിങ്ങളുടെ നാട്ടിലെ പെട്രോള്‍- ഡീസലിന്റെ നിരക്ക് പരിശോധിച്ചാല്‍ മതി,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്.
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയില്‍ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡല്‍ഹി 98.81, 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.
ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമര്‍ രംഗത്തെത്തിയിരുന്നു.
മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ പോരെ എന്നാണ് സിംഗ് തോമര്‍ ചോദിക്കുന്നത്. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.