കൊറോണ പ്രതിസന്ധി; വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികൾ പതിനഞ്ചുലക്ഷം കടന്നു

തിരുവനന്തപുരം: കൊറോണ തീർത്ത പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ എണ്ണം പതിനഞ്ചുലക്ഷം കടന്നു. നോര്‍ക്ക റൂട്ട്സിന്റ കണക്ക് പ്രകാരം ഇതില്‍ പത്തുശതമാനം പേര്‍ മാത്രമാണ് തിരിച്ചുപോയത്. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ മടക്കയാത്രയ്ക്ക് ഇളവുകള്‍ അനുവദിച്ചെങ്കിലും ആര്‍ടിപിസിആര്‍ സംബന്ധിച്ച നിബന്ധനകള്‍ തിരിച്ചടിയാവുകയാണ്.

യുഎഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിയെത്തിയത് 8,72000 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 1.72 ലക്ഷം പേരും ഖത്തറില്‍ നിന്ന് 1.42 ലക്ഷം പേരും നാട്ടിലെത്തി.

തിരിച്ചെത്തിയവരുടെ എണ്ണം ജില്ല തിരിച്ച് നോക്കിയാല്‍ മലപ്പുറമാണ് മുന്നില്‍. 2,50180 പേരാണ് മലപ്പുറത്ത് മാത്രം തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നത്. കോഴിക്കോട് 1,63000 പേരും കണ്ണൂര്‍ 1,55000 പേരും, തൃശൂരില്‍ 1,18000 പേരും തിരിച്ചെത്തിയവരായുണ്ട്.

മാസങ്ങള്‍ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങിവരവിന് ഇളവ് പ്രഖ്യാപിച്ചെങ്കിലും കുരുക്കുകളേറെയാണ്. കോവിഷീല്‍ഡ് വാക്സീന്‍ എടുത്തവരേ മാത്രമേ തിരികെ പ്രവേശിക്കു. യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.

മൂന്ന് മണിക്കൂര്‍മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധനയുള്ളപ്പോള്‍ പരിശോധന പ്രായോഗികമല്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും പരിശോധനയ്ക്കുള്ള സംവിധാനവുമില്ല.