ലഖ്നോ: രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ സന്ദർശനത്തിന് മുന്നോടിയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാംനാഥ് കോവിന്ദ് യു.പിയിലെത്തിയത്.
വന്ദന മിശ്രയെന്ന 50കാരിയാണ് രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരുമായി കുടുംബം ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ, ഇവർ സഞ്ചരിച്ചിരുന്ന വഴിയിലൂടേയാണ് രാഷ്ട്രപതിയുടെയും യാത്ര നിശ്ചയിച്ചിരുന്നത്. അതിനാൽ വഴിമധ്യേ പൊലീസ് ഇവരെ തടയുകയും ചെയ്തു.
ഗതാഗത തടസം മറികടന്ന് ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും വന്ദന മിശ്ര മരിച്ചിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യു.പി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ഇത് വലിയൊരു പാഠമാണ്. ഇനി ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ അറിയിച്ചു.