ന്യൂഡെല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും കൊറോണ വാക്‌സിന്‍ സൗജന്യമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എല്ലാ യൂണിവേഴ്‌സിറ്റികളും ബാനര്‍ വയ്ക്കാണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന യുജിസിയുടെ കത്ത് ഞായറാഴ്ചയാണ് ലഭിച്ചത്.
പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ബാനര്‍ വയ്‌ക്കേണ്ടതെന്ന് കത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാനറില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം ‘എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പി.എം. മോദി’ എന്ന് എഴുതണമെന്നും നിര്‍ദ്ദേശിക്കുന്നതായി പറയുന്നു.
ഡെല്‍ഹി ജാമിഅ മിലിയ യൂണിവേഴ്സിറ്റി ഇത്തരം ഒരു സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. ഡെല്‍ഹി യൂണിവേഴ്സിറ്റി യുജിസി നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൗത്ത് ക്യാംപസുകളില്‍ ബാനര്‍ സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.