പുതുക്കിയ വാക്‌സിന്‍ നയം നിലവില്‍ വന്നതോടെ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 86 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: പുതിയ വാക്‌സിന്‍ നയം തിങ്കളാഴ്ച നിലവില്‍ വന്നതോടെ 86 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഇതുവരെയുള്ള പ്രതിദിന വാക്‌സിന്‍ വിതരണത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

86,16,373 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കൊവിന്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുത്. ഏപ്രിലില്‍ ആണ് ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളത്. അന്ന് ഒറ്റ ദിവസം 42,65,157 ഡോസുകളാണ് വിതരണം ചെയ്തത്.

രാജ്യത്തെ വാക്‌സിനേഷനില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഹരിയാനയിലാണ്. രണ്ട് ലക്ഷം പേര്‍ക്കാണ് ഇവിടെ വാക്‌സിന്‍ നല്‍കിയത്. അതേസമയം മധ്യപ്രദേശാണ് ഏറ്റവുമധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തത്. 16,01,548 ഡോസുകള്‍. ഉത്തര്‍പ്രദേശ് 6,74,546 , രാജസ്ഥാന്‍ 4,30,439, മഹാരാഷ്ട്ര 3,78,945, പശ്ചിമ ബംഗാള്‍ 3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന കണക്കുകള്‍.

ഇത്രയും അധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രയത്‌നിക്കുന്ന എല്ലാ മുന്നണിപോരാളികളേയും അനുമോദിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ച എല്ലാവരെയും അഭിനന്ദിച്ചു. കൊറോണയെ പ്രതിരോധിക്കാനുള്ള ശക്തമായ ആയുധം വാക്‌സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് രാജ്യത്ത് പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് കൊറോണ വാക്സിന്‍ സംഭരണവും വിതരണവും ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ 25 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാമെന്ന തരത്തിലേക്കാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. വാക്സിന്‍ നയം നിലവില്‍ വന്നതോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കും.