വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വാക്‌സിന്‍ സംഭരണവും വിതരണവും ഇനി കേന്ദ്രത്തിന് കീഴില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പ്രാബല്യത്തില്‍ വരും. കൊറോണ വാക്‌സിന്‍ സംഭരണവും വിതരണവും ഇനി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്‌സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ 25 ശതമാനം സ്വാകര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. വാക്‌സിന്‍ നയം നിലവില്‍ വരുന്നതോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

മുമ്പ് കേന്ദ്രം 50 ശതമാനം വാക്‌സിന്‍ സംഭരിച്ച് വിതരണം ചെയ്തിരുന്നതാണ് ഇന്ന് മുതല്‍ 75 ശതമാനത്തിലേക്ക് മാറുന്നത്. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

അതേസമയം സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടിവരും. കൂടാതെ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് വാക്‌സിന്‍ വിലയ്ക്ക് പുറമെ സേവനത്തിനുള്ള ചാര്‍ജായി 150 രൂപ മാത്രമേ ഈടാക്കാന്‍ കഴിയൂ. കോവിഷീല്‍ഡിനു 780 രൂപയും കോവാക്‌സിനു 1410 രൂപയും സ്പുട്‌നിക് വിയ്ക്ക് 1145 രൂപയുമാണ് സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്.
ആരോഗ്യ പ്രവര്‍ത്തകള്‍ക്കും കൊറോണ മുന്നണി പോരാളികള്‍ക്കും മുന്‍ഗണന ലഭിക്കുന്നത് തുടരും.