കൊറോണ ബാധിച്ച് മരിച്ച എല്ലാവര്‍ക്കും ഒരേ നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് എല്ലാം നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മരണപ്പെട്ട ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി നാല് ലക്ഷം നല്‍കാന്‍ ആവില്ലെന്ന് അറിയിച്ചാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 3.85 ലക്ഷം പേര്‍ ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാം.

ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികള്‍ സംസ്ഥാനങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കി. എന്നാൽ അതിന് അനുസരിച്ചുള്ള നികുതി വരുമാനം ഇല്ലാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഓരോ ഇരയ്ക്കും നഷ്ടപരിഹാരം നല്‍കുക എന്നത് സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 183 പേജുള്ള സത്യവാങ് മൂലത്തില്‍ പറയുന്നു.

കൊറോണ ബാധിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച നയം അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയവ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്നാണ് ദുരന്തനിവാരണ നിയമത്തിലുള്ളത്. മരണ സംഖ്യ ഉയരുന്നതിനാല്‍ ഇത് കൊറോണയുടെ കാര്യത്തില്‍ സ്വീകാര്യമാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊറോണ വൈറസ് മരണങ്ങള്‍ എവിടെയാണെങ്കിലും കൊറോണ മരണങ്ങളായി തന്നെ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ആറിലധികം സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളിലെ കണക്കുകളിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.