ന്യൂഡെൽഹി: രാജസ്ഥാന് പിന്നാലെ രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. കൊറോണ മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് നേരത്തെ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീട് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറായ രവി ദോസിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിൽ രോഗം കണ്ടെത്തിയത്. കൊറോണ ബാധിച്ച് രോഗമുക്തി നേടിയ യുവാവിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു ഇയാള്‍. പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.
കടുത്ത പനിയും മൂക്കിലെ രക്ത സ്രാവവുമാണ് ഗ്രീൻ ഫംഗസിന്റെ ലക്ഷണങ്ങൾ. കൂടാതെ, ശരീര ഭാരം കുറയുകയും ചെയ്യാം. ഡോ.രവി ദോസി പറയുന്നതനുസരിച്ച് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്ത യുവാവിൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ടെത്തിയിരുന്നു. ശരീര ഭാരം കുറഞ്ഞതിനാൽ രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയത്. ഗ്രീൻ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ചും രോഗം മറ്റുള്ളവരിൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രകടമാക്കുമെന്നും, എങ്ങനെ ബാധിക്കുമെന്നും കൂടുതൽ പഠനം നടത്തണമെന്നും ഡോക്ടർ രവി ദോസി ആവശ്യപ്പെടുന്നു.