ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്കിനോട് ധനകാര്യമന്ത്രാലയം

ന്യൂഡെല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്കിനോട് ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ വർദ്ധിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ മൂന്നിരട്ടിയിലേറെ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും 2019 അവസാനം മുതൽ സ്വിസ് ബാങ്കില്‍ നടത്തിയ നിക്ഷേപം 20,700 കോടി രൂപയിലധികമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്കിനോട് ധനകാര്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, നിക്ഷേപത്തില്‍ ഭൂരിഭാഗവും കള്ളപ്പണമാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ശരിയല്ലെന്നും ഇന്ത്യക്കാരും എന്‍ആര്‍ഐകളും മറ്റ്​ ​രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാവാം സ്വിസ്​ ബാങ്കിലുള്ളതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

ബോണ്ടുകളിലും, സെക്യൂരിറ്റികളിലുമാണ്​ വലിയ രീതിയില്‍ പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട്​ സ്വിസ്​ ബാങ്കില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. മുമ്പും സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.