പെട്രോളുമായി വന്ന ടാങ്കര്‍ലോറി തലകീഴായി മറിഞ്ഞു; നാട്ടുകാർക്ക് ലോട്ടറിയടിച്ചു; കിട്ടിയ സമയം കൊണ്ട് പെട്രോൾ ഊറ്റി

മുബൈയ്: പെട്രോളുമായി വന്ന ടാങ്കര്‍ലോറി തലകീഴായി മറിഞ്ഞു. സംഭവം അറിഞ്ഞുടനെ നാട്ടുകാര്‍ ഓടിക്കൂടി. പക്ഷെ രക്ഷാപ്രവർത്തനം നടത്താനല്ലെന്ന് മാത്രം. കിട്ടിയ സമയം കൊണ്ട് പരിക്കേറ്റവരെ രക്ഷിക്കുന്നതിന് പകരം ലോറിയിലെ പെട്രോള്‍ പരമാവധി ഊറ്റി കൊണ്ടുപോവുകയും ചെയ്തു. മഹാരാഷ്ട്രയിലെ ശിവപുരിയിലാണ് സംഭവം.

ഗ്വാളിയോറില്‍ നിന്ന് ഷേപുരിയിലേക്ക് പോകുകയായിരുന്നു ടാങ്കര്‍. അമിതവേഗം കാരണമാണ് ടാങ്കര്‍ മറിഞ്ഞത്. സംഭവമറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിരുതന്മാരായ നാട്ടുകാര്‍ പരമാവധി പെട്രോള്‍ ഊറ്റിക്കഴിഞ്ഞിരുന്നു. കന്നാസുകളും കുപ്പികളുമായാണ് നാട്ടുകാർ ഓടിക്കൂടിയത്. ടാങ്കര്‍ മറിഞ്ഞതറിഞ്ഞ് അടുത്തുള‌ള ഗ്രാമത്തില്‍നിന്ന് വരെ ആളുകളെത്തി ഇന്ധനം മോഷ്‌ടിച്ച്‌ കൊണ്ടുപോയി.

ശിവപുരിയില്‍ ലിറ്ററിന് 106 രൂപയാണ് പെട്രോളിന് വില. ചോര്‍ന്ന് നിലത്തുവീണ പെട്രോള്‍ പോലും നാട്ടുകാര്‍ വെറുതെ കളഞ്ഞില്ല. പാത്രങ്ങള്‍ കൊണ്ടും വെറും കൈകൊണ്ടും കോരിയെടുത്ത് അവരത് കന്നാസിലാക്കി.

മഹാരാഷ്‌ട്രയില്‍ മുബൈയ് നഗരത്തില്‍ പോലും 102 രൂപയാണ് പെട്രോളിന് വില. കിട്ടിയ അവസരം പരമാവധി ഉപയോഗിച്ച നാട്ടുകാര്‍ ലോറിഡ്രൈവറെ രക്ഷിക്കാനോ ഒന്നും ശ്രമിച്ചില്ല. സംഭവത്തിന്റെ വീഡിയോ ട്വി‌റ്ററില്‍ വൈറലായിട്ടുണ്ട്.