മെഹുൽ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡൊമിനിക്ക; ഇന്ത്യയിലേക്ക് തിരിച്ചയക്കും

ഡൊമിനിക്ക: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം. കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക പുതുക്കിയ നിയമങ്ങൾ 2017-ലെ, ഇമിഗ്രേഷൻ-പാസ്പോർട്ട് നിയമത്തിലെ അനുച്ഛേദം അഞ്ച്(1)(f) പ്രകാരം മെഹുൽ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്നുവെന്നാണ് ദേശീയ സുരക്ഷ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയിൽ പ്രവേശിക്കുന്നതിന് ചോക്സിക്ക് അനുവാദമില്ല. ചോക്സിയെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനായുളള നടപടികൾ സ്വീകരിക്കുന്നതിനായി പോലീസ് മേധാവിക്ക് നിർദേശം നൽകുന്നുവെന്നും ഡൊമിനിക്കൻ മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മെഹുൽ ചോക്സിയുടെ ഹർജി തളളി അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിക്ക് മുമ്പാകെ ആവശ്യപ്പപെട്ടിരുന്നു. ഇതിന്റെ ഭാഗമായി കോടതിക്ക് മുന്നിൽ ഡൊമിനിക്കൻ അധികൃതർ സമർപ്പിച്ച രേഖകളുടെ ഭാഗമാണ് ഈ ഉത്തരവെന്നാണ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി വിദേശത്തേക്ക് കടന്നത്.