ഡിജിറ്റല്‍ പരസ്യ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഗൂഗിളിന് ഭീമന്‍തുക പിഴ ഈടാക്കി ഫ്രഞ്ച്​ അധികൃതര്‍

പാരിസ്​: ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിൻ്റെ പേരിൽ ഗൂഗിളിന് ഭീമന്‍ തുക പിഴയീടാക്കി ഫ്രഞ്ച്​ അധികൃതര്‍. ​ ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളറാണ് ( 1950 കോടി രൂപയോളം) ഗൂഗിളിന് പിഴയിട്ടത്​. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് കണ്ടെത്തൽ.

മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച്‌ ഗൂഗിളിൻ്റെ പരസ്യ പ്ലാറ്റ്ഫോമുകള്‍ കമീഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്​. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്ന്​ കാട്ടി 2019ല്‍ റൂപര്‍ട് മര്‍ഡോക്കി​ൻ്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് നടപടി.

ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്​ഫോമുകളായ ആഡ്​-എക്​സിനും ​ഡബിള്‍ക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുന്‍ഗണന നല്‍കി മാര്‍ക്കറ്റില്‍ അവര്‍ക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായും കമ്പനികള്‍ ആരോപിക്കുന്നു. അതുവഴി വന്‍ തുക മുടക്കി മാധ്യമങ്ങളുടെ വെബ്​ സൈറ്റുകളിലും മറ്റ്​ ആപ്പുകളിലും നല്‍കിവരുന്ന പരസ്യങ്ങളും വാര്‍ത്തകളും ഗൂഗിൾ മറയ്​ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ്​ കമ്പനികളിൽ നിന്ന് ആരോപണമുണ്ട്.

എന്നാൽ പരസ്യസേവനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ഗൂഗിള്‍ അറിയിച്ചു. മുമ്പും ഫ്രാന്‍സില്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് ഗൂഗിന് പിഴയൊടുക്കേണ്ടിവന്നത്​.

2018 ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിനു ഗൂഗിള്‍ 34,500 കോടി രൂപ പിഴ നല്‍കണമെന്നു യൂറോപ്യന്‍ കമീഷനും നിര്‍ദേശിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ വന്‍ സ്വാധീനം ഉപയോഗിച്ച്‌ മറ്റു കമ്പനികളുടെ സാധ്യതകള്‍ അടയ്ക്കുന്നുവെന്നാണ് അന്നവര്‍ വെളിപ്പെടുത്തിയത്​.