കേപ്ടൗൺ: ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ യുവതി. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ 10 മക്കൾക്ക് ജന്മം നൽകി ലോക റെക്കോഡിന് ഉടമയാകുന്നത്. എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിൻ്റെ സ്കാനിങ് റിപ്പോർട്ട്. എന്നാൽ, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോൾ അവർ പത്ത് കൺമണികൾക്ക് ജന്മം നൽകുകയായിരുന്നു. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് സിസേറിയനിൽ ജനിച്ചത്.
ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോർഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതർ പറഞ്ഞു. ഇവർക്ക് ആറ് വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോൾ ഗർഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ലെന്ന് ഭർത്താവ് തെബോഹോ സുതെത്സി പറഞ്ഞു.
കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ റെക്കോർഡ്. ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി.
‘കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുൻഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോർഡായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.