മലയാളം വിലക്കി വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു

ന്യൂഡെൽഹി: നഴ്‌സുമാർ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് വിലക്കി വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. ഡെൽഹിയിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് വിവാദ ഉത്തരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുട‌ർന്ന് മാപ്പ് പറഞ്ഞത്. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടല്ല ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്നതായും നഴ്‌സിംഗ് സൂപ്രണ്ട് അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയിലുള‌ളവരും മറ്റ് ഭാഷകൾ സംസാരിക്കുന്നവരും അറിയിച്ച പരാതിയെ തുടർന്നാണ് ഈ ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്ന കത്തിൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലർ ഇന്ത്യയിലാകെ വാർത്തയായി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങി നിരവധി പ്രമുഖർ സർക്കുലറിനെതിരെ രംഗത്തിറങ്ങി.

സംസ്ഥാന സർക്കാർ നേരിട്ട് ഡെൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചു. ഇതോടെ ഡൽഹി സർക്കാർ ഇടപെട്ടതോടെയാണ് ആശുപത്രി അധികൃതർ സർക്കുലർ പിൻവലിച്ചത്. വിവാദ സർക്കുലർ ഇറക്കിയതിന് ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടെയാണ് മാപ്പ് പറഞ്ഞ് സൂപ്രണ്ട് കത്ത് നൽകിയത്.

മാതൃഭാഷയിൽ സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കില്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച്‌ സമൂഹാമാദ്ധ്യമങ്ങളിലുൾപ്പടെ പ്രചാരണവും തുടങ്ങിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ഉത്തരവെന്ന് അറിയിച്ച ജി.ബി പന്ത് ആശുപത്രി അധികൃതർ സൂപ്രണ്ടിനെ പിന്തുണച്ചില്ല. ഇതോടെയാണ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്.