ഡെൽഹിയിൽ 4 മലയാളി നഴ്സുമാർക്കു കൂടി കൊറോണ

ന്യൂഡെൽഹി: ഡെൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ 4 മലയാളി നഴ്സുമാർക്കു കൂടി കൊറോണ. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന 6 മലയാളി നഴ്സുമാർക്കു രോഗം സ്ഥിരീകരിച്ചു. തല‌സ്ഥാനത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇരുപതോളം മലയാളി നഴ്സ‌ുമാർക്കു കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 70 ലേറെ ആരോഗ‌്യപ്രവർത്തകർക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ ആകെ കൊറോണ രോഗികളിൽ മൂന്നിൽ രണ്ടും 50 വയസ്സിനു താഴെയുള്ളവർ. എന്നാൽ മരിച്ചവരിൽ പകുതിയിലേറെയും മുതിർന്ന പൗരൻമാർ. സംസ്ഥാന സർക്കാർ പുറത്തു വിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ചു ഡൽഹിയിൽ 2003 പേർക്കാണു രോഗം ബാധിച്ചിരിക്കുന്നത്.

45 പേർ മരിച്ചു. മാർച്ച് 13നാണു ഡൽഹിയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. 68 വയസ്സുള്ള സ്ത്രീയായിരുന്നു ആദ്യം കൊറോണ ബാധിച്ച് ഇവിടെ മരിച്ചത്. 1989 രോഗികളുടെ വിശദാംശങ്ങൾ പരിശോധിച്ചുള്ള പഠനമാണു സംസ്ഥാന സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. 14 രോഗികളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ളതിനാലാണു വിശകലനത്തിൽ ഉൾപ്പെടുത്താത്തത്. ഇതനുസരിച്ചു 1283 (64.5%) 50 വയസ്സിനു താഴെയുള്ളവർ.

അതേസമയം മരി‌ച്ചവരിൽ 38 പേരും (84.44%) മറ്റു രോഗങ്ങൾ ബാധിച്ചിരുന്നവരായിരുന്നെന്നും ഇത് ഇവരുടെ രോഗാവസ്ഥ ഗുരുതരമാക്കിയെന്നും അധികൃതർ വ്യക്തമാക്കുന്നു