ഓടുന്ന ട്രെയിനിൽ യുവതിക്ക് ക്രൂര ലൈംഗീകപീഡനം; യാത്രക്കാരുടെ മുന്നിൽ കഴുത്തറത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: ഓടുന്ന ട്രെയിനിൽവച്ച്‌ 21കാരിയെ ഒരു സംഘം കൂട്ടമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊന്നു. മധ്യപ്രദേശിലെ സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെഹോർ റെയിൽവെ സ്‌റ്റേഷന് രണ്ട് കിലോമീറ്റർ മുൻപ് ഇൻഡോർ – ബിലാസ്പൂർ ട്രെയനിനിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മസ്‌കാൻ ഹഡ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

യുവതി സഞ്ചരിച്ച കംപാർട്ടുമെന്റിൽ വച്ച്‌ ബഹളം കേട്ടതായി മറ്റ് യാത്രക്കാർ പറയുന്നു. പരിക്കേറ്റ യുവതി ഓടിവന്ന് ബർത്തിലിരിക്കുകയും താഴോട്ട് വീഴുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന യുവതിയെ കുറച്ച്‌ പേർ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി സഹോദരൻ പൊലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസുകാർ റെയിൽവെ സ്റ്റഷേനിൽ എത്തിയിരുന്നെങ്കിലും അപ്പോഴെക്കും യുവതി മരിച്ചിരുന്നു.

മൂർച്ചയേറിയ വസ്തു ഉപയോഗിച്ച്‌ യുവതിയുടെ കഴുത്ത് മുറിച്ചതായും ട്രെയിൻ സെഹോർ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിനു മുമ്പ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സഹോദരനെ കാണാൻ ഇൻഡോറിൽ നിന്ന് ഭോപ്പാലിലേക്ക് പോകുന്നതിനിടെയാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്