ലക്നൗ: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി ഈ അവകാശവാദമുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംസ്ഥാത്തെ പ്രമുഖ നേതാക്കന്മാര് രണ്ടുദിവസത്തെ അവലോകന യോഗത്തില്‍ പങ്കെടുക്കുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ, സ്വാമി പ്രസാദ് മൗര്യ എന്നിവരുമായി കുടിക്കാഴ്ച നടത്തി. മറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത ജനവികാരം ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക. 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി സേവന പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കും.
പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഇതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗം വിളിച്ചിരുന്നു.
എല്ലാ മേഖലകളിലും സേവന, ഭക്ഷണ വിതരണ പരിപാടികള്‍ വ്യത്യസ്ത പേരുകളില്‍ വ്യാപകമായി സംഘടിപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഈ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും. ഉത്തര്‍പ്രദേശില്‍ സംയുക്ത പ്രതിപക്ഷമാകും പാര്‍ട്ടിയെ നേരിടുക എന്നത് കൊണ്ടുതന്നെ ഒരു വീഴ്ചയുമില്ലാതെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനും ക്ഷേമപദ്ധതികളിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാനുമാണ് തീരുമാനം.
ആര്‍എസ്എസിന്റെ പൂര്‍ണ മേല്‍നോട്ടം ഈ സംസ്ഥാനങ്ങളിലെല്ലാം ഉണ്ടാകുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.