ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര മേജർ വിഭൂതി ശങ്കർ ധൗന്ദിയാലിന്റെ ഭാര്യ നികിത കൗൾ ആണ് സൈന്യത്തിൽ ചേർന്നത്.
കരസേനയുടെ നോർത്തേൺ കമാൻഡ് കമാൻഡർ ലെഫ്റ്റന്റ് ജനറൽ വൈ.കെ ജോഷിയിൽ നിന്നാണ് നികിത കൗൾ നിയമനം സ്വീകരിച്ചത്. ഇത് അഭിമാന നിമിഷമെന്നാണ് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിൽ മേജർ ധൗന്ദിയാൽ വീരമൃത്യു വരിക്കുമ്പോൾ 27 വയസ്സായിരുന്നു നികിത കൗളിന്റെ പ്രായം. അന്ന് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആയിരുന്നുള്ളൂ.
ഭർത്താവ് വീരമൃത്യു വരിച്ച് ആറാം മാസം നികിത എസ് എസ് സി പരീക്ഷയും തുടർന്നുള്ള എസ് എസ് ബി ഇന്റർവ്യൂവും പാസായി. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ നികിത കൗൾ ഇന്നാണ് ഔദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗമായത്.