ന്യൂഡെൽഹി: ന്യൂഡെൽഹി: അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ കൊറോണ വൈറസ് ബാധ ഇല്ലാതെയും മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്നും പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിദഗ്‌ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് കൊറോണ രോഗികൾക്കിടയിൽ ബ്ലാക്ക് ഫംഗസ് വ്യാപിക്കുമ്പോഴാണ് വിദഗ്ധരുടെ പുതിയ വിലയിരുത്തൽ.
കൊറോണയ്ക്ക് മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് ഉണ്ടായിരുന്നു. പ്രമേഹരോഗികളിൽ പ്രത്യേകിച്ച് അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലാണ് ഇത് ബാധിക്കാൻ സാധ്യത കൂടുതൽ. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങൾ ഉള്ളവരിലും ബ്ലാക്ക് ഫംഗസ് വരാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 700 – 800 എത്തുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. ഈ അവസ്ഥയിൽ ഉള്ളവരിൽ കുട്ടിയെന്നോ മുതിർന്നവരെന്നോ ഭേദമില്ലാതെ ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്ന് നീതി ആയോഗ് അംഗമായ ഡോക്ടർ വി കെ പോൾ പറഞ്ഞു.
ന്യുമോണിയ പോലുള്ള രോഗങ്ങൾ ഈ അവസ്ഥ മൂർച്ഛിക്കാൻ കാരണമാകും. ഇപ്പോൾ ഉള്ള കൊറോണ ബാധ സ്ഥിതി ഗുരുതരമാക്കുന്നു. സ്റ്റിറോയിഡിന്റെ ഉപയോഗവും കൂടിയാകുമ്പോൾ കൊറോണ ഇല്ലാത്തവർക്കും, മറ്റ് രോഗാവസ്ഥകൾ ഉണ്ടെങ്കിൽ ബ്ലാക്ക് ഫംഗസ് ബാധിക്കാം. ആരോഗ്യവാന്മാരായ ആളുകൾ ബ്ലാക്ക് ഫംഗസ് വരുമെന്ന ഭീതി വേണ്ടെന്നും പ്രതിരോധശക്തി കുറഞ്ഞവർക്കാണ് റിസ്‌ക് കൂടുതലെന്നും എയിംസിലെ ഡോ. നിഖിൽ ടണ്ഡൻ പറഞ്ഞു.
ഹരിയാനയിൽ മാത്രം 398 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരാഖണ്ഡ് ആകട്ടെ മ്യൂക്കർ മൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ മധ്യപ്രദേശിൽ വൈറ്റ് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇത് സാധാരണവും സുഖപ്പെടുത്താവുന്നതുമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.