ഭൂമിയിൽ കൊറോണ; ആകാശത്ത് സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച് വിവാദ വിവാഹം; മധുര മീനാക്ഷി ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്ന് താലിചാർത്തി യുവമിഥുനങ്ങൾ

ചെന്നൈ: തമിഴകത്ത് കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കെ സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച് ആകാശത്ത് ഒരു വിവാദ വിവാഹം. ഇതിനായി ഒരു വിമാനം അങ്ങ് ചാർട്ടർ ചെയ്തു. മധുര രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച രാവിലെ പറന്നുയർന്ന സ്പൈസ് ജറ്റ് വിമാനം മധുര മീനാക്ഷി ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്നു. ശുഭമുഹൂർത്തത്തിൽ രാകേഷ് , വധു ദീക്ഷണയുടെ കഴുത്തിൽ വരണമാല്യം ചാർത്തി.

വിമാനത്തിൽ 161 പേർ. ഒരാൾക്കും മാസ്ക്കില്ല. എല്ലാവരും ഒട്ടിനിന്ന് വിവാഹം ആഘോഷിച്ചു. പ്രോട്ടോക്കോളൊക്കെ അങ്ങ് താഴെ ഭൂമിയിൽ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളുവത്രേ.കൊറോണ മഹാമാരിയാണ് വിവാഹം വിമാനത്തിൽ നടത്തിയതിന് പിന്നിലെ കാരണമെന്നും ഇവർ വ്യക്തമാക്കുന്നു.

വിവാഹത്തിന് 50 പേർക്കേ പങ്കെടുക്കാവൂ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ താഴെയിരുന്ന് അവർത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ആകാശത്ത് അരങ്ങ് തകർത്ത് വിവാഹം. വിവാഹത്തിൽ പങ്കെടുത്തവർ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് മാലോകർ ഈ വിവരം അറിയുന്നത്.

മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാർട്ട് ചെയ്താണ് ആകാശ വിവാഹം നടന്നത്. മറ്റൊരു പ്രത്യേകത കൂടി വിവാഹത്തിനുണ്ട്. ഇത് ദമ്പതികളുടെ രണ്ടാമത്തെ മിന്നുകെട്ടാണ്. നേരത്തേ ഒരു സ്വകാര്യ ചടങ്ങിൽ വച്ച്‌ രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ ഇതിൻ്റെ മറവിൽ വിമാനത്തിൽ ഒന്നു കൂടി വിവാഹം കഴിപ്പിച്ച്‌ ആഘോഷം ഒന്നു കൂടി കൊഴുപ്പിക്കാൻ സമ്പന്നരായ ഇരുകൂട്ടരുടെയും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

ഇതൊരു പ്രത്യേക തരം ലംഘനം ആയതു കൊണ്ട് കേസ് എടുക്കുന്ന കാര്യത്തിൻ്റെ വിവിധ വശങ്ങൾ പരിഗണിച്ചു വരികയാണെന്ന് മധുര എസ് സുജിത് കുമാർ പറയുന്നു. ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകി എന്നല്ലാതെ കല്യാണക്കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് എയർ പോർട്ട് ഡയറക്ടർ എസ്. സെന്തിൽ വേലവൻ്റ ഭാഷ്യം. അന്വേഷണം ഉണ്ടാവുമെന്നും സത്വര നടപടി പ്രതീക്ഷിക്കാമെന്നും കളക്ടറും വ്യക്തമാക്കി.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും ആ‍ർടിപിസിആ‍ർ ടെസ്റ്റ് നടത്തി നെ​ഗറ്റീവ് ആയതാണെന്നും ദമ്പതികളും പറയുന്നു. അപ്പോൾ പിന്നെ ആരാണ് പ്രോട്ടോക്കോൾ ലംഘിച്ചത് ?. ആകെ സംശയം ബാക്കി. എന്തരു ലോ എന്ത്?