ഛത്തീസ്ഗഡ്: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കളക്ടര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി കളക്ടറെ നീക്കം ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ സൂരജ്പൂര്‍ ജില്ലാ കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയെയാണ് നീക്കം ചെയ്തത്.
രണ്‍ബീര്‍ ശര്‍മയെ സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും പകരം റായ്പൂര്‍ ജില്ലാ പഞ്ചായത്ത് സിഇഒ ഗൗരവ്കുമാര്‍ സിംങ്ങിനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
ഐഎഎസ് അസോസിയേഷനും രണ്‍ബീറിന്റെ നടപടിയെ വിമര്‍ശിച്ചു. രണ്‍ബീറിന്റെ നടപടി സ്വീകാര്യമല്ലെന്ന് വിലയിരുത്തിയ അസോസിയേഷന്‍ സിവില്‍ സര്‍വീസുകാര്‍ക്ക് സഹാനുഭൂതി ഉണ്ടായിരിക്കുകയും വിഷമ ഘട്ടങ്ങളില്‍ സമൂഹത്തിനോട് നല്ല രീതിയില്‍ പെരുമാറണമെന്നും നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസാണ് ഛത്തീസ്ഗഡില്‍ ലോക്ഡൗണില്‍ നിരത്തിലിറങ്ങിയ യുവാവിനെ സൂരജ്പൂര്‍ ജില്ലാ കളക്ടറായിരുന്ന രണ്‍ബീര്‍ ശര്‍മ്മ മര്‍ദ്ദിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞ് ഉടയ്്ക്കുകയും ചെയ്തത്.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും രണ്‍ബീറി്‌ന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കം ചെയ്തത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിശദീകരണവുമായി ഇദ്ദേഹം രംഗത്തെത്തുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.