മുംബൈ ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി; ഇനി കണ്ടെത്താനുള്ളത് രണ്ട് മലയാളികളെ

മുംബൈ: മുംബൈ ബാർജ് അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ്, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരാണ് മരിച്ചത്. സുരേഷിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ഇതോടെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇനി രണ്ട് മലയാളികളെയാണ് കണ്ടെത്താനുള്ളത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.

ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു സുരേഷ് കൃഷ്ണൻ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബാർജ് ഓയിൽ റിഗിൽ ഇടിച്ച് മുങ്ങിയത്. ബാർജ് കടലിന്റെ അടിത്തട്ടിൽ നിന്നും നാവിക സേന കണ്ടെത്തിയിട്ടുണ്ട്.

തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി എഡ്വിൻ, വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകൻ സസിൻ ഇസ്മയിൽ (29) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.