ബെംഗളൂരു: സൗജന്യ വിതരണത്തിനെത്തിച്ച കൊറോണ വാക്സിന് മറിച്ചു വിറ്റതിന് ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ ബെംഗളൂരു പൊലീസിന്റെ പിടിയില്‍. ബെംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന് 500 രൂപയ്ക്കാണ് ഇവര്‍ മറിച്ചു വിറ്റിരുന്നത്.
കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന് ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി.
തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പൊലീസ് പറയുന്നു. ഒരു ഡോസ് കൊവിഷീല്‍ഡ് വാക്സിന് 500 രൂപയ്ക്കാണ് സംഘം മറിച്ചുവിറ്റിരുന്നത്. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബെംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.