ന്യൂഡെൽഹി: മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവവും എന്നാൽ മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇനി മുതൽ എല്ലാ ബ്ലാക്ക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം നൽകി. അടുത്ത കാലത്തായി മ്യൂക്കോമൈക്കോസിസ് എന്ന ഫംഗസ് അണുബാധയുടെ രൂപത്തിൽ ഒരു പുതിയ വെല്ലുവിളി ഉയർത്തുകയാണ്. ഇത് പല സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് നേത്ര ശസ്ത്രക്രിയാ വിദഗ്ധർ, ഇഎൻടി സ്‌പെഷ്യലിസ്റ്റുകൾ, ജനറൽ സർജനുകൾ, ന്യൂറോ സർജൻമാർ, ഡെന്റൽ ഫേഷ്യൽ സർജൻമാർ, എന്നിവരുടെ സേവനം ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച 1,500 കേസുകളും 90 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനും തെലങ്കാനയും ഇതിനകം ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.