മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു; ഇതുവരെ മരിച്ചത് 90 പേര്‍; രാജസ്ഥാനു പിന്നാലെ തെലങ്കാനയും ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

മുംബൈ: രാജ്യത്ത് കൊറോണയ്ക്ക് പിന്നാലെത്തിയ ബ്ലാക് ഫംഗസ് രോഗവും കൂടുതല്‍ ഗുരുതരമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കൊറോണ വ്യാപനം വലിയ തോതില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ബ്ലാക് ഫംഗ്‌സ് രോഗവും പിടിമുറുക്കിയിരിക്കുകയാണ്. രോഗ ബാധ മൂലമുണ്ടാകുന്ന മരണവും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 90 പേര്‍ ബ്ലാക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു.

ഒരാഴ്ചക്കിടെ 200ലധികം പേര്‍ക്ക് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ ചികിത്സയക്ക് അടിന്തര സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു. നിലവില്‍ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആഫോടെറിസിന്‍-ബി ഇഞ്ചക്ഷന്‍ കൂടുതലായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 16000 ഇഞ്ചക്ഷന്‍ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറയുന്നു.കൊറോണ രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 800 ഓളം പേര്‍ ഫംഗസ് ബാധയേറ്റ് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേ സമയം രാജസ്ഥാനു പിന്നാലെ തെലങ്കാന സര്‍ക്കാരും കൊറോണയെ തുടര്‍ന്നുള്ള ബ്ലാക്ക് ഫംഗസ് രോഗബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.1987ലെ പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് ബ്ലാക്ക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടെയും സംശയിക്കുന്നവരുടെയും റിപ്പോര്‍ട്ട് ദിവസവും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ബ്ലാക്ക് ഫംഗസ് പരിശോധനയും ചികിത്സയും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും അറിയിച്ചു.

അതേ സമയം കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു.