ന്യൂഡെൽഹി: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങൾക്ക് അകത്ത് യാത്ര ചെയ്യാനാണ് അനുവാദം. സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല. വ്യാവസായിക, നിർമ്മാണ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളുടെയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്.
ബസുകളിൽ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളെ താമസസ്ഥലങ്ങളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിലീഫ് ക്യാംപുകളിലും ഷെൽട്ടർ ഹോമുകളിലും കഴിയുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഇതിൽ ഇവരുടെ തൊഴിൽ മികവ് കൂടി രേഖപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങൾക്കാണ് ഇതിന്റെ ചുമതല. രോഗലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘത്തിന്, അവർക്ക് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴിൽ സ്ഥലത്തേക്ക് പോകണമെങ്കിൽ സാമൂഹിക അകലം പാലിച്ച് ബസുകളിൽ കൊണ്ടുപോകാനാണ് കേന്ദ്ര നിർദ്ദേശം. യാത്രാ സമയത്തെ ഭക്ഷണവും മറ്റ് ചിലവുകളും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.