കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപമെടുക്കുന്ന ന്യൂനമര്‍ദത്തിൻ്റെ പ്രഭാവം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. 23 ന് ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദത്തിനൊപ്പം പടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കും. ന്യൂനമര്‍ദത്തിന്റെ പിന്‍ബലത്തോടെ എത്തുന്ന മണ്‍സൂണ്‍ മഴയുടെ തുടക്കം ശക്തമായിരിക്കും.
മണ്‍സൂണ്‍ മഴമേഘങ്ങളെ വഹിക്കുന്ന പടിഞ്ഞാറന്‍ കാറ്റിനൊപ്പം മണ്‍സൂണ്‍ മഴയും പെയ്തുതുടങ്ങുമെന്നാണ് നിഗമനം. മണ്‍സൂണ്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പായി രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തിപ്രാപിക്കുകയും അത് മണ്‍സൂണിനെ വേഗത്തില്‍ കരയിലേക്ക് അടുപ്പിക്കുകയുമാണ് ചെയ്യുന്നത്.
അതായത് ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള മഴതീരുന്നതിനു തൊട്ടുപിന്നാലെ മണ്‍സൂണും ആഗതമാകും.
സാധാരണ പടിഞ്ഞാറന്‍ കാറ്റിനൊപ്പം മണ്‍സൂണ്‍ മഴയും എത്തുന്ന പതിവ് ഇക്കുറിയുമുണ്ടാകും.
ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദവും പിന്നീട് ചുഴലിക്കാറ്റാനാകുമുള്ള സാധ്യതയുണ്ട്. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ ദിശ വടക്കുകിഴക്ക് ലക്ഷ്യമാക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ട് തീവ്രന്യൂനമര്‍ദത്തിന്റെയും ചുഴലിയുടെയും പ്രഭാവം കേരളത്തെ നേരിട്ട് ബാധിക്കുകയില്ല.
കേന്ദ്ര കാലാവസ്ഥാ ഗവേഷണ മണ്‍സൂണ്‍ ഈ മാസം 31 ന് കേരളത്തിലെത്തുമെന്നാണ് കഴിഞ്ഞദിവസം അറിയിച്ചത്. എന്നാല്‍, പുതിയ ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ മണ്‍സൂണ്‍ അതിലും വേഗത്തില്‍ കേരളത്തില്‍ എത്തുന്നതിനുള്ള വര്‍ധിച്ചു. ഈ മാസം 25 ഓടുകൂടി മണ്‍സൂണ്‍ മഴ എത്തുവാനുള്ള സാധ്യതയാണിപ്പോഴുണ്ടായിരിക്കുന്നത്.