ന്യൂഡെൽഹി: കൊറോണ ചികിത്സയിൽ നിന്ന് റെംഡെസീവിർ മരുന്ന് പിൻവലിക്കണമെന്ന് ആവശ്യം. ഇത് കൊറോണ രോഗികളിൽ കാര്യമായ പ്രയോജനം ലഭിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ഗംഗറാം ആശുപത്രി ചെയർപേഴ്സൺ ഡോ. ഡി.എസ് റാണ പറഞ്ഞു. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യം പരിശോധിച്ചാൽ റെംഡെസീവിറിനും കൊറോണ മാറ്റാൻ കഴിയുമെന്ന ഒരു തെളിവുമില്ല.
പ്രവർത്തനക്ഷമമല്ലാത്ത റെംഡെസീവിറും ചികിത്സയിൽ നിന്ന് ഒഴിവാക്കണം.-ഡോ.റാണ പറയുന്നു. നിലവിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മൂന്ന് മരുന്നുകൾ മാത്രമാണ് ഫലപ്രദമായിട്ടുള്ളതെന്നും ഡോ. റാണ പറഞ്ഞു. അതേസമയം കൊറോണ ചികിത്സയിൽ നിന്ന് പ്ലാസ്മ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആർ ശിപാർശ ചെയ്തിരുന്നു.
പ്ലാസ്മ ചികിത്സയിൽ മുൻപ് രോഗം വന്ന് ഭേദമായവരിൽ നിന്ന് സ്വീകരിക്കുന്ന പ്ലാസ്മയാണ് ഉപയോഗിക്കുന്നത്. ഇത് രോഗിയുടെ ശരീരത്തിൽ ആന്റിബോഡിയായി പ്രവർത്തിക്കുകയും കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുകയും ചെയ്യും. വൈറസ് ആക്രമിക്കുമ്പോഴാണ് ആന്റിബോഡികൾ സാധാരണയായി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി നടത്തി വന്നിരുന്ന പ്ലാസ്മ ചികിത്സയിൽ കൊറോണ രോഗികളുടെയോ മറ്റുള്ളവരുടെയോ അവസ്ഥയിൽ ഒരു മാറ്റവും കൊണ്ടുവരാൻ പ്ലാസ്മയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മാത്രമല്ല, അത് കിട്ടാനും ബുദ്ധിമുട്ടാണ്. ശാസ്ത്രീയ അടിസ്ഥാനത്തിലാണ് പ്ലാസ്മ ചികിത്സ തുടങ്ങിയതെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അത് നിർത്തലാക്കുന്നതെന്നും ഡോ. ഡി.എസ് റാണ പറയുന്നു.