പ്ലാസ്മ തെറാപ്പി പൂർണ പരാജയം; ചികിൽസാ രീതി ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കൊറോണ ബാധിതരെ ​മരണത്തിൽ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്ന് ഐസിഎംആർ. രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ വ്യക്തമാക്കിയതോടെ കൊറോണ ചികിത്സാ മാർ​ഗരേഖകളിൽ നിന്ന് കേന്ദ്ര സർക്കാർ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയിൽ ലോകാരോ​ഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

കൊറോണ ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കൊറോണ മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവൻ നടന്നത്. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പ്ലാസ്മ തെറാപ്പിയെക്കുറിച്ച് ഏറെ വാചാലനായി രംഗത്തുണ്ടായിരുന്നു.

പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോ​ഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയർന്നിരുന്നു. കൊറോണ ബാധിതരെ ​മരണത്തിൽ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് കേന്ദ്ര സർക്കാർ മാർ​ഗ രേഖ പുതുക്കിയത്.