ന്യൂഡെൽഹി: വരുന്ന ഏതാനും വർഷത്തിനകം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണക്കുകൾ. അതായത് നിലവിലെ സ്ഥിതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2025ന് മുമ്പ് ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയുടെ ജനനനിരക്ക് 2.3 ശതമാനമാണ്. ഇതു വച്ച് നോക്കുമ്പോൾ 2023 അല്ലെങ്കിൽ 2024ൽ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞൻ യാഫു പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 72 മില്യണാണ് ചൈനയിലെ ജനസംഖ്യ വർധനവ്. പ്രതിവർഷ വളർച്ച നിരക്ക് 0.53 ശതമാനമാണ്. 0.57 ശതമാനത്തിൽ നിന്ന് വളർച്ച നിരക്ക് കുറയുകയാണ് ചെയ്തത്. നിലവിൽ ചൈനയുടെ ജനസംഖ്യ 1.41 ബില്യണാണ്.
1953ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചൈനയുടെ ജനസംഖ്യ വർധനവ്. ജനസംഖ്യ വളർച്ചാ നിരക്ക് കുറഞ്ഞതിനെ തുടർന്ന് 2016ൽ ഒറ്റ കുട്ടി നയത്തിൽ ചൈന മാറ്റം വരുത്തിയിരുന്നു. 1970കൾ മുതൽ നടപ്പാക്കുന്ന കടുത്ത ജനസംഖ്യ നിയന്ത്രണ നയങ്ങളാണ് ജനസംഖ്യ വളർച്ചാനിരക്കിനെ പിടിച്ച് നിർത്തുന്നത്.
ഇതോടൊപ്പം ചൈനയിലെ പ്രായമായവരുടെ എണ്ണം വർധിക്കുകയാണെന്ന് രാജ്യത്തിൻ്റെ സെൻസസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകും. 2010മായി താരതമ്യം ചെയ്യുമ്പോൾ തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറയുകയാണ്. ഇതും ചൈനക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.