ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെ രാവിലെ പത്ത് മണിക്കാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ രണ്ട് വനിതകള്‍ ഉള്‍പെടെ 34 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്.
സ്റ്റാലിന്റെ മകന് ഉദയനിധിയുടെ പേര് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും പട്ടികയില്‍ ഉദയനിധിയുടെ പേര് പട്ടികയിലില്ല. ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നാണ് ഉദയനിധി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക ഇന്നാണ് സ്റ്റാലിന് രാജ്ഭവന് നല്‍കിയത്.
പുതിയ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുറത്തുവിട്ടു. സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും.
മുതിര്‍ന്ന നേതാക്കാളായ കെഎന്‍ നെഹ്റുവിന് നഗരഭരണവും, പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും, ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. വനിത, സാമൂഹിക ക്ഷേമ വകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.