ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ ലഭ്യമാവാതെ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ മരിച്ചു. ബുധനാഴ്ച രാത്രി ചെങ്കൽപേട്ട് ഗവ. ആശുപത്രിയിലാണ് സംഭവം. കൊറോണ വാർഡുകളിലും ഐ.സി.യുവിലും മറ്റുമുള്ള രോഗികളാണ് ശ്വാസംകിട്ടാതെ ഒറ്റ രാത്രിയിൽ മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജൻ വിതരണം രണ്ടു മണിക്കൂറോളം നിലച്ചതായാണ് പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും അവർ നിസ്സഹായരായിരുന്നു. സാധാരണ ദിവസങ്ങളിൽ 2.3 കിലോലിറ്റർ ഓക്സിജനായിരുന്നു ആവശ്യം.
എന്നാൽ, ചൊവ്വാഴ്ച 4.4 കിലോലിറ്റർ ഓക്സിജനായിരുന്നു വേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ ഡോക്ടർമാർ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൻ്റെ വീഴ്ചയാണിതിന് കാരണമായതെന്നും ഡോക്ടർമാർ ആരോപിച്ചു. അതേസമയം, ഓക്സിജനുണ്ടെന്ന് നേരത്തെ ഉറപ്പുവരുത്തിയിരുന്നതായും സാങ്കേതിക പ്രശ്നങ്ങളാവാം കാരണമെന്നും ജില്ല കലക്ടർ എ. ജോൺ ലൂയിസ് അറിയിച്ചു.
ഓക്സിജൻ ദുരന്തത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്നാട്ടിൽ ചെന്നൈക്കുശേഷം ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലാണ്. രണ്ടാഴ്ച മുമ്പ് വെല്ലൂരിലും ഓക്സിജൻ കിട്ടാതെ ഏഴ് രോഗികൾ മരിച്ചത് വൻ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
മധുരയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലും കടുത്ത ഓക്സിജൻക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ പ്രതിദിനം 21,000ത്തിലധികം പേർക്കാണ് കൊറോണ ബാധിക്കുന്നത്.