ന്യൂഡെല്‍ഹി: പ്രാദേശിക മേല്‍വിലാസം ഇല്ലാത്തത് കൊണ്ട് ആശുപത്രിയിലെത്തുന്ന കൊറോണ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സുപ്രീംകോടതി. കൊറോണ പ്രതിസന്ധിക്കാലത്ത് മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് നിര്‍ദേശം.
സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ പ്രാദേശിക മേല്‍വിലാസം തെളിയിക്കുന്ന രേഖകളോ മറ്റു തിരിച്ചറിയില്‍ രേഖകളോ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും തന്നെ ചികിത്സയോ അവശ്യ മരുന്നുകളോ നിഷേധിക്കരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
കൊറോണ രോഗികളുടെ ആശുപത്രി പ്രവേശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ദേശീയ നയം രൂപീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ ഇത് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം.