തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കൊലക്കുറ്റം; മദ്രാസ് ഹൈക്കോടതി പരാമര്‍ശം വേദനാജനകം; മാധ്യമങ്ങളെ വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് നടത്തിയതിൻ്റെ പേരിൽ കൊലപാതക കുറ്റം ചുമത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം വേദനാജനകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യര്‍ത്ഥിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര ഏജന്‍സിയെന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായയെ ഈ റിപ്പോര്‍ട്ടുകള്‍ കളങ്കപ്പെടുത്തിയെന്ന് കമ്മീഷന്‍ പറഞ്ഞു. കോടതി പരാമര്‍ശം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബംഗാളിലെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും അനുവദിക്കരുത്, പ്രത്യേകിച്ചും വിശദമായ ഉത്തരവ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുമെന്നിരിക്കെ കോടതി മുറിക്കുള്ളില്‍ നടക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്നും കമ്മീഷന്‍ വാദിച്ചു.

ഏപ്രില്‍ 4 ന് തമിഴ്നാട്ടിലെ പ്രചരണം അവസാനിച്ചു. അതിനാല്‍ രോഗ വ്യാപനത്തില്‍ കമ്മീഷനെ മാത്രം പഴിചാരരുതെന്നും കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്ര , ഡെല്‍ഹി, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ചൂണ്ടികാട്ടിയ കമ്മീഷന്‍ കേരളം കൊല്‍ക്കത്ത ഹൈക്കോടതികള്‍ തെരഞ്ഞെടുപ്പ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ദിവസങ്ങല്‍ക്ക് മുന്‍പാണ് കൊറോണ രണ്ടാം തരംഗം രൂക്ഷമായതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും രോഗവ്യാപനത്തിന് കാരണം കമ്മീഷന്‍ മാത്രമാണെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.