ബംഗാളില്‍ മമത തന്നെ; അസമിൽ ഭരണത്തുടര്‍ച്ച; തമിഴ്‌നാട് ഡിഎംകെയ്ക്ക് ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡെല്‍ഹി: പശ്ചിമബംഗാളില്‍ താമര വിരിയില്ലെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വെ ഫലം പറയുന്നത്. 294 സീറ്റുകളില്‍ 158 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം 115 സീറ്റുകള്‍ നേടി ശക്തമായ പ്രpollsതിപക്ഷമായി മാറുമെന്നും സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇടതുപാര്‍ട്ടികള്‍ അടങ്ങുന്ന വിശാല മുന്നണിക്ക് 19 സീറ്റ് മാത്രമാണ് സര്‍വ്വെ പ്രവചിക്കുന്നത്.

എബിപി- സി വോട്ടര്‍ സര്‍വ്വേയും എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലവും മമതയ്ക്ക് അനുകൂലമാണ്. എബിപി- സി വോട്ടര്‍ സര്‍വ്വേ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന്് 152 മുതല്‍ 164 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 109 മുതല്‍ 121 വരെ സീറ്റുകള്‍ ലഭിക്കും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അടങ്ങുന്ന വിശാല മുന്നണി 14 മുതല്‍ 25 സീറ്റുകള്‍ വരെ മാത്രമാണ് പിടിക്കുകയെന്നും സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍ഡിടിവി സര്‍വ്വേയില്‍ മമത സര്‍ക്കാര്‍ 149 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

റിപ്പബ്ലിക്-സിഎന്‍എക്സ് സര്‍വ്വേ പ്രകാരം തമിഴ്‌നാട് ഡിഎംകെ തൂത്തുവാരുമെന്നാണ് നിഗമനം. 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 170 സീറ്റാണ് പ്രവചിക്കുന്നത്. എന്‍ഡിടിവി പ്രവചനം അനുസരിച്ചും ഡിഎംകെയ്ക്ക് 170 സീറ്റുകള്‍ ലഭിക്കും.

അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ആജ് തക്- ആക്സിസ് സര്‍വ്വേ പ്രകാരം 126 സീറ്റുകളില്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 72ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് എന്‍ഡിടിവി പ്രവചനം.