ലണ്ടൻ: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ചാൾസ് രാജകുമാരൻ. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാൾസ് രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങൾക്ക് പിന്തുണ നൽകണമെന്ന് ചാൾസ് രാജകുമാരൻ സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അടിയന്തര അഭ്യർഥന നടത്തിയിട്ടുണ്ട്.
ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇൻറർനാഷണൽ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ.
ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ ഇപ്പോൾ മറ്റുളളവർ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കും. ചാൾസ് പറഞ്ഞു.കൊറോണ ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ തൻറെ ചിന്തകളിലും പ്രാർഥനകളിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.