ന്യൂഡെൽഹി: കൊറോണ നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്താനും കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്രം. കൊറോണ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ചയിൽ കൂടുതൽ പത്ത് ശതമാനത്തിൽ അധികമാകുകയോ, ആശുപത്രികളിൽ 60 ശതമാനം ബെഡിൽ കൊറോണ രോഗികളുണ്ടെങ്കിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
കൊറോണ ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയന്ത്രണങ്ങൾ ചുരുങ്ങിയത് 14 ദിവസത്തേക്ക് ഏർപ്പെടുത്തണം.
ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ:-
സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകൾ തുടങ്ങിയവ നിരോധിക്കണം.
വിവാഹങ്ങളിൽ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്കാര ചടങ്ങുകൾ 20 പേർക്കായി പരിമിതപ്പെടുത്തണം.
ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമ തീയറ്ററുകൾ, റസ്റ്റോറന്റുകളും ബാറുകളും, സ്പോർട്സ് കോംപ്ലക്സുകൾ, ജിം, സ്പാ, നീന്തൽക്കുളം, ആരാധനാലയങ്ങൾ എന്നിവ അടയ്ക്കണം.
അവശ്യ സേവനങ്ങൾ മാത്രമേ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അനുവദിക്കാവൂ.
റെയിൽവേ, മെട്രോ, ബസ്, ക്യാബുകൾ തുടങ്ങിയ പൊതുഗതാഗതം അവയുടെ ശേഷിയുടെ പകുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.
അവശ്യവസ്തുക്കളുടെ ഗതാഗതം ഉൾപ്പെടെയുള്ള അന്തർ-സംസ്ഥാന സർവീസുകൾക്കു നിയന്ത്രണങ്ങൾ പാടില്ല.
ഓഫിസുകൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.
വ്യവസായിക, ശാസ്ത്ര സ്ഥാപനങ്ങൾ കൊറോണ പ്രോട്ടോക്കോളുകൾ അനുസരിച്ചു പ്രവർത്തിക്കണം. സമയാസമയങ്ങളിൽ ആന്റിജൻ പരിശോധന നടത്തണം