ന്യൂഡെൽഹി: തെരുവിന്റെ മക്കളെ ചികിത്സിക്കാൻ ജീവിതം നീക്കിവെച്ച ഡോക്ടർ ജീവശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങി. ഡോക്ടർ പ്രദീപ് ബിജൽവാൻ ആണ് ഓക്സിജൻ കിട്ടാതെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്.
ഡെൽഹിയിലെ ആശുപത്രികൾ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തിൽ 60കാരനായ പ്രദീപ് കൊറോണ രോഗബാധിതനായി വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. ബെഡിനും വെന്റിലേറ്ററിനും ഓക്സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിച്ചില്ല.
സ്വയം ചികിത്സയുമായി വീട്ടിൽ ചുരുണ്ടുകൂടിയ പ്രദീപ് ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്ന് രാവിലെ മരിച്ചത്. തെരുവിൽ കഴിയുന്ന വീടില്ലാത്ത പാവപ്പെട്ടവർക്കിടയിൽ പതിറ്റാണ്ടുകളായി ഡോ. പ്രദീപ് നിസ്വാർഥ സേവനം നടത്തിവരികയായിരുന്നു.
കൊറോണ വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലും പ്രദീപ് തന്നാൽ കഴിയുന്ന വിധത്തിൽ വാർധക്യത്തിലും പാവപ്പെട്ടവരെ ചികിത്സിച്ചു. ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദിറിന്റെ കൂടി പിന്തുണയോടെയാണ് പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവർക്ക് വൈദ്യസഹായം എത്തിച്ചുവന്നിരുന്നത്.
തെരുവിലെ ആളുകൾക്കായുള്ള കൊറോണ ക്ലീനിക്ക് അണ്ടർ ദി ദി സ്ട്രീറ്റ് പരുപാടിയുടേയും തലപ്പത്ത് പ്രദീപുണ്ടായിരുന്നു. 60കാരനായ പ്രദീപിന് രോഗം വരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പലരും കൊറോണ കാലത്ത് നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ പ്രായമോ രോഗഭീതിയോ തളർച്ചയോ കണക്കിലെടുക്കാതെ സാമ്പത്തിക ലാഭം നോക്കാതെ കൊറോണ കാലത്ത് പ്രദീപ് ബിജൽവാൻ തെരുവിലെ ആളുകൾക്കിടയിൽ ചികിത്സയുമായി സജീവമാകുകയായിരുന്നു.