ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം മെയ് ഒന്നിന് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഈ മാസം 24 മുതൽ പേര് രജിസ്റ്റർ ചെയ്യാം. കോവിന്‍ പോര്‍ട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ചാണ് വാക്സിനേഷൻ. cowin.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മുമ്പുള്ളത് പോലെ തന്നെയാണ്. രജിസ്റ്റർ ചെയ്യുന്നതിനായി cowin.gov.in എന്ന പോര്‍ട്ടലിലേക്ക് ലോഗ് ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പർ നൽകുക. മൊബൈലിലേക്ക് എസ്.എം.എസായി വരുന്ന ഒ.ടി.പി നല്കി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. ഒ.ടി.പി കൃത്യമാണെങ്കില്‍ രജിസ്ട്രേഷന് ഓഫ് വാക്സിനേഷന് പേജിലേക്ക് പോകും.
പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ അക്കൗണ്ട് ഡീറ്റൈല്‍സ് പേജിലേക്ക് എത്തും. അക്കൗണ്ട് ഡീറ്റൈല്‍സ് പേജില്‍ വാക്സിനുള്ള അപ്പോയിന്മെന്റ് എടുക്കാം.
ഒരു മൊബൈല്‍ നമ്പർ ഉപയോഗിച്ച് മൂന്ന് പേരുടെ വരെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം കൊവിൻ പോർട്ടലിൽ ഉണ്ട്.
പുതിയ വാക്സിന് നിയമങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കുത്തിവയ്പ്പുകള്‍ക്കായി നേരിട്ട് വാക്സിനുകള്‍ വാങ്ങാം. ഇതുവരെ യോഗ്യതയുള്ളവരായി പ്രഖ്യാപിച്ചിരിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള വാക്സിനേഷനും തുടരും.