ന്യൂഡെല്‍ഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കൊറോണ വാക്സിന് നല്കാന് തീരുമാനിച്ചതിന് പിന്നാലെ വാക്സിന് നിര്‍മ്മാണ കമ്പിനി മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
നിലവില്‍ രാജ്യത്ത് വാക്സിന് ലഭ്യമാക്കുന്നതും, വാക്സിന് വിതരണത്തിന് അനുമതി തേടിയിട്ടുള്ളതുമായ കമ്പിനി മേധാവികളുമായി ഇന്ന് വൈകിട്ട് ആറിനാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് യോഗം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ ഇന്ത്യയില്‍ നിര്‍മ്മിച്ച കോവാക്സിന് എന്നീ രണ്ട് കൊറോണ വാക്സിനുകള്‍ ഉപയോഗിച്ചാണ് നിലവില്‍ രാജ്യത്ത് വാക്സിനേഷന് നല്‍കുന്നത്. റഷ്യയില്‍ വികസിപ്പിച്ച സ്പുടിനിക് -വിയ്ക്കും ഇതിനോടകം വാക്സിന് വിതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
ഇവയെ കൂടാതെ ആഗോള തലത്തില്‍ അംഗീകാരം ലഭിച്ച വാക്സിനുകള്‍ ലഭ്യമാക്കുന്നതിന് കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയുടെ വാക്സിനുകള്‍ക്ക് ആണ് ഇനി അനുമതി ലഭിക്കാന്‍ സാധ്യത.
അതേസമയം കൊറോണ വ്യാപനം രൂക്ഷമായികൊണ്ടിരിക്കെ ഇന്ത്യയിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ വാക്സിന് സ്വീകരിച്ച ആളുകളില്‍ പോലും രോഗ വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ആണു നിര്‍ദേശം നല്‍കിയത്.
അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വാക്സിന് സ്വീകരിച്ച ശേഷം പോകണമെന്നും അറിയിപ്പ ഉണ്ട്. മാസ്ക്, സാമൂഹിക അകലം എന്നിവയും ഓര്‍മ്മപ്പെടുത്തുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്ന സ്ഥിതിയില്‍ ഇന്നലെ ബ്രിട്ടണ് ഇന്ത്യയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.