നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ലക്ഷങ്ങൾ; കുംഭമേളയ്ക്ക് എത്തിയ 80 സന്യാസിമാര്‍ക്ക് കൊറണ; ഒരാള്‍ മരിച്ചു

ഹരിദ്വാര്‍: കുംഭമേളയ്ക്ക എത്തിയ എണ്‍പതോളം സന്യാസിമാര്‍ക്ക് കൊറോണ സ്ഥീരീകരിക്കുകയും ഒരു സന്യാസി കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തതയോടെ സ്ഥിതി അതീവ ഗുരുതരമായി. കും ഭമേളക്കെത്തിയ രണ്ടായിരത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ ഒന്നിന് ശേഷം പുതിയ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികമായിരിക്കെയാണ് ഹരിദ്വാറിലേക്ക് കുംഭമേളയിൽ പങ്കെടുക്കാൻ ലക്ഷകണക്കിന് ആളുകള്‍ ഒഴുകിയെത്തുന്നത്.

കുംഭമേളയ്ക്ക് ശേഷമുള്ള രാജ്യത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ആശങ്ക ഉടലെടുത്തിട്ട് ഉണ്ട്. തീര്‍ഥാടകര്‍ ഇന്ത്യയിലുടനീളമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നാട്ടിലേക്കും മടങ്ങുന്നതിനാല്‍ ഇത് ഒരു സൂപ്പര്‍ സ്‌പ്രെഡറായി മാറുമോയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ സംശയിക്കുന്നത്.

ഇതുവരെ കുംഭ മേളയ്ക്ക എത്തിയ രണ്ടായിരത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആണ് റിപ്പോര്‍ട്ടുകള്‍. നദിയില്‍ സ്‌നാനം ചെയുമ്പോള്‍ അടക്കം സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശങ്ങളോ നിയന്ത്രണങ്ങളോ ഒന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.

ഏപ്രില്‍ 12, ഏപ്രില്‍ 14 തീയതികളില്‍ നടന്ന ‘ഷാഹി സ്നാനില്‍’ പങ്കെടുത്ത 48.51 ലക്ഷം ആളുകളില്‍ ഭൂരിഭാഗം പേരും മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിരുന്നു. കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേളയില്‍ നിന്നും പിന്മാറുന്നതായി സന്യാസി വിഭാഗമായ നിരഞ്ജനി അഖാഡ അറിയിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, തെഹ്രി ഗര്‍വാള്‍, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടര്‍ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ട്.