കുംഭമേളക്കെത്തിയ 1701 പേർക്ക്​ അഞ്ച്​ ദിവസത്തിനിടെ കൊറോണ സ്ഥിരീകരിച്ചു ​

ഡെറാഡൂൺ: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കൊറോണ​ ബാധിച്ചുവെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യവകുപ്പ്​. രാജ്യത്ത്​ കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഹരിദ്വാറിൽ കുംഭമേള നടക്കുകയാണ്​. ദിവസവും ലക്ഷക്കണക്കിനാളുകളാണ്​ കുംഭമേളയിൽ പ​ങ്കെടുക്കുന്നത്​. കൊറോണ വ്യാപനത്തിനിടെ​ കുംഭമേള നടത്തുന്നതിനെതിരെ വിമർശനമുയർന്നിട്ടും മേളയിൽ നിന്ന്​ പിന്നാക്കം പോവാൻ ഉത്തരാഖണ്ഡ്​ സർക്കാർ തയാറായിട്ടില്ല.

ആർ.ടി.പി.സി.ആർ, ആൻറിജൻ പരിശോധനകളിലാണ്​ ഇത്രയും പേർക്ക്​ വൈറസ് ബാധിച്ച വിവരം പുറത്തായത്​. കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത്​ വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നു.

ഏപ്രിൽ 10 മുതൽ 15 വരെയുള്ള അഞ്ച്​ ദിവസങ്ങളിലാണ് കൊറോണ​​ പരിശോധന നടത്തിയത്​. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്​നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ്​ പ​ങ്കെടുത്തത്​. സ്​നാനത്തിനിടെ കൊറോണ​ പ്രോ​ട്ടോകോളിൻറെ നഗ്​നമായ ലംഘനമുണ്ടായ​ത്​ വൻ വിമർശനത്തിനിടയാക്കിയിരുന്നു.