ന്യൂഡെൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു . ഇത് സംബന്ധിച്ച് ജസ്റ്റീസ് ഡി കെ ജയിൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും കോടതി സിബിഐയ്ക്ക് കൈമാറി. ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കണമെന്നും അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിന്റെ ഗൂഢാലോചനയിൽ പങ്കുളള ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുദ്രവെച്ച കവറിലാണ് ജസ്റ്റീസ് ഡികെ ജയിൻ അദ്ധ്യക്ഷനായ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്. ഇത് ഇതേ രീതിയിൽ രഹസ്യമായി സൂക്ഷിക്കും സിബിഐയ്ക്ക് മാത്രമായിരിക്കും റിപ്പോർട്ട് കൈമാറുക.
റിപ്പോർട്ട് പരസ്യപ്പെടുത്താനുളളതല്ലെന്നും മാദ്ധ്യമങ്ങൾക്ക് കൈമാറാനുളളതല്ലെന്നും കോടതി വ്യക്തമാക്കി. സിബി മാത്യൂസിന്റെ അഭിഭാഷകനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.