ഉന്നാവ് പീഡനക്കേസ് പ്രതിയുടെ ഭാര്യയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം ബിജെപി പിൻവലിച്ചു

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എം എൽ എ കുൽദീപ് സിങ് സെൻഗാറിന്റെ ഭാര്യ സംഗീത സെൻഗാറിനെ യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം ബി ജെ പി പിൻവലിച്ചു. അവരെ പിൻവലിക്കുന്നതായി സംസ്ഥാന ബി ജെ പി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങാണ് അറിയിച്ചത്. ഏപ്രിൽ 26നാണ് ഉന്നാവിൽ തെരഞ്ഞെടുപ്പ്.

ഫതേപൂർ ചൗരാസിയിലെ 22ാം വാർഡിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് സംഗീതയെ മത്സരിപ്പിക്കാനായിരുന്നു പാർടി നീക്കം. നേരത്തെ ജില്ല പഞ്ചായത്ത് അധ്യക്ഷയായിരുന്നു സംഗീത സെൻഗാർ. എന്നാൽ ഇവരുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ടപ്പോൾതന്നെ വിവാദമായിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019 ഡിസംബർ 20ന് ഡെൽഹി കോടതി കുൽദീപ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ സെൻഗാറിന്റെ എം എൽ എ സ്ഥാനം റദ്ദാക്കി.