മുംബൈ: കൊറോണ വാക്സിനുകളുടെ ക്ഷാമത്തെ തുടർന്ന് മുംബൈയിൽ വാക്സിനേഷൻ സെൻററുകൾ അടച്ചു പൂട്ടുന്നു. നിലവിൽ ഇത്തരത്തിലുള്ള 70ലധികം സെൻററുകൾ പ്രവർത്തനരഹിതമായെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ മേഖലകളിലൊന്നായ ബികെസിയിലെ ജംബോ വാക്സിനേഷൻ സെൻററും അതിൽ ഉൾപ്പെടുന്നു.
കുത്തിവയ്പ്പെടുക്കുന്നതിനായി എത്തിയ ജനങ്ങൾ ബികെസിയിലെ ജംബോ വാക്സിനേഷൻ സെൻറമുൻപിൽ തടിച്ചുകൂടി നിൽക്കുന്നത് വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. വാക്സിനേഷൻ കേന്ദ്രത്തിലേക്ക് തുടക്കം മുതൽ തന്നെ ബഫർ സ്റ്റോക്കായി വാക്സിനുകൾ ഒരു ദിവസം മുൻപെ എടുക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച വരെ ആവശ്യത്തിന് വാക്സിനുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്നത്തേയ്ക്കുള്ള വാക്സിനുകൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ 49 വാക്സിനേഷൻ കേന്ദ്രങ്ങൾ നടത്തുന്നത് മഹാരാഷ്ട്ര സർക്കാരും ബിഎംസിയും ആണ്. 40,000 മുതൽ 50,000 വരെ ആളുകൾ വീതം ഇവിടെ കുത്തിവയ്പ്പെടുത്തിരുന്നു. കഴിഞ്ഞ ദിവസം, വാക്സിനുകളുടെ അപര്യാപ്തതയെ കുറിച്ച് പറഞ്ഞ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയെ വിമർശിച്ച് കേന്ദ്ര മന്ത്രി ഹർഷ വർധൻ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ സ്വന്തം കഴിവുകേട് കേന്ദ്രത്തിന് മേൽ ആരോപിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.