ജാതി സംവരണം ഇല്ലാതായി; സാമ്പത്തിക സംവരണം അവശേഷിക്കും; സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി

ന്യൂഡെൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും ഒടുവിൽ സാമ്പത്തിക സംവരണം മാത്രം അവശേഷിച്ചേക്കുമെന്നും സുപ്രിംകോടതി. മറാത്ത സംവരണ വിഷയത്തിൽ സുപ്രധാന നിരീക്ഷണത്തിലാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ മറാത്ത സംവരണനിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സംവരണം സർക്കാരിന്റെ നയപരമായ വിഷയമാണ്. അതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു. തൊഴിലിൽ 12 ശതമാനം സംവരണവും അഡ്മിഷന് 13 ശതമാനം സംവരണവും നൽകുന്നത് ഇന്ദിരാ സാഹ്നി വിധിയിലെ 50 ശതമാനമെന്ന സംവരണപരിധിയിലെ ലംഘനമാകുമെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്.

50 ശതമാനമെന്ന സംവരണപരിധി സംബന്ധിച്ച് സുപ്രിംകോടതി സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരുന്നു. സംവരണം 50 ശതമാനം കടക്കരുതെന്ന വിധി പുനപരിശോധിക്കണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സുപ്രിംകോടതിയെ അറിയിച്ചിരുന്നത്.

അമിതമായി സംവരണം നൽകുന്നത് സംവരണം ഇല്ലാത്തതിന് തുല്യമാണെന്നാണ് സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസ് സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതായതിനാൽ എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ടെന്നാണ് ആ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്.

സംവരണപരിധി ഒരിക്കൽ ലംഘിക്കപ്പെട്ടാൽ പിന്നീട് അത് പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് രാഷ്ട്രീയമായ ഒരുപാട് സമ്മർദ്ദമുണ്ടാകുമെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വര റാവു, എസ് അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.