ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 23 വരെയുള്ള പ്രവണത അനുസരിച്ച് രണ്ടാം തരംഗത്തില്‍ രാജ്യത്താകെ കൊറോണ കേസുകളുടെ എണ്ണം 25 ലക്ഷം വരെ എത്താമെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക ലോക്ഡൗണുകളോ നിയന്ത്രണങ്ങളോ വൈറസ് വ്യാപനത്തിന് ഫലപ്രദമല്ലെന്നും വന്‍തോതിലുള്ള പ്രതിരോധ കുത്തിവയ്പുകളാണ് ഏകപ്രതീക്ഷയെന്നും 28 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരിമുതല്‍ രാജ്യത്ത് വീണ്ടും പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് രണ്ടാം തരംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം തരംഗം ഫെബ്രുവരി 15 മുതല്‍ 100 ദിവസം വരെ നീണ്ടുനില്‍ക്കാം.
രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകളുടെ എണ്ണം ഏപ്രില്‍ പകുതിയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് കരുതുന്നത്. വാക്സിനേഷന്റെ എണ്ണവും വേഗവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.