ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. കൊറോണ രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്ഇ തീരുമാനം.
ഇതിനായി, ഏത് സ്കൂളിലാണോ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാർച്ച് 25-നകം സമർപ്പിക്കണം. ഏത് സ്കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.
വിദ്യാർഥികളിൽ നിന്ന് ലഭിച്ച അപേക്ഷകൾ മാർച്ച് 31-നകം സിബിഎസ്ഇ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും. പ്രാക്ടിക്കൽ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങൾ അനുവദിക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾ മൂന്ന് ഷിഫ്റ്റുകളായി നടത്താനുള്ള നിർദേശവും സിബിഎസ്ഇ നൽകിയിട്ടുണ്ട്