ആസ്ട്രസെനെക്ക കൊറോണ വാക്‌സിൻ; രക്തം കട്ടപിടിക്കുന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് എയിംസ് ഡയറക്ടർ

ന്യൂഡെൽഹി: ആസ്ട്രസെനെക്ക കൊറോണ വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വാക്സിൻ സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു രൺദീപ് ഗുലേറിയയുടെ പരാമർശം.

യുറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയും യു.കെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വാക്സൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകംതന്നെ ലക്ഷക്കണക്കിന് ആളുകളാണ് അൾട്രാസെനെക്ക വാക്‌സിൻ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെനിന്നൊന്നും വാക്‌സിൻ ഉപയോഗിച്ചതിനു ശേഷം രക്തം കട്ടപിടിക്കുന്നു എന്ന് കണ്ടെത്താനായില്ല.

വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസ്ട്രസെനക്കയുടെ കൊറോണ വാക്‌സിൻ വിതരണം ഇറ്റലി, ജർമനി, ഫ്രാൻസ്, ഡെന്മാർക്ക്, നെതർലൻഡ്‌സ്, അയർലൻഡ്, നോർവേ, ഐസ്ലാൻഡ്, കോംഗോ, ബൾഗേറിയ എന്നീ രാജ്യങ്ങൾ നിർത്തിവെച്ചിരുന്നു.

വാക്‌സിന്റെ പരീക്ഷണഘട്ടത്തിലോ തുടർന്നോ വാക്സിൻ കാരണം രക്തം കണ്ടപിടിച്ചതിന്റെ പ്രത്യക്ഷ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഡേറ്റ പരിശോധിക്കുന്നതിനും പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി അവിടുത്തെ വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.